കരൺ ജോഹർ അവതരിപ്പിക്കുന്ന പ്രശസ്ത സെലിബ്രിറ്റി ടോക്ക് ഷോയായ 'കോഫി വിത്ത് കരൺ' സീസൺ 9-ലെ ആദ്യ അതിഥിയായി എത്തുന്നത് ബി ടൗൺ ബാദ്ഷാ സൽമാൻ ഖാൻ. സീസണിന്റെ ആദ്യ എപ്പിസോഡിൽ പങ്കെടുക്കാൻ സൽമാൻ സമ്മതം അറിയിച്ചതായി ബോളിവുഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തവണ താരം ഒറ്റയ്ക്കായിരിക്കും ഷോയിൽ എത്തുകയെന്നാണു വിവരം. എന്നാൽ ഇക്കാര്യത്തിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ രണ്ടുതവണ സൽമാൻ ഷോയിൽ അതിഥിയായി എത്തിയിട്ടുണ്ട്. നാലാം സീസണിൽ പിതാവ് സലിം ഖാനൊപ്പവും അഞ്ചാം സീസണിൽ സഹോദരങ്ങളായ സൊഹൈൽ, അർബാസ് എന്നിവർക്കൊപ്പവുമാണു താരം എത്തിയത്. മുൻ സീസണുകളിലെ സൽമാന്റെ വെളിപ്പെടുത്തലുകളും തമാശകളും വലിയ രീതിയിൽ ചർച്ചയാവുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിരുന്നു. ഷോയുടെ ഒൻപതാം സീസൺ ഈ വർഷം ഒക്ടോബറിലോ നവംബറിലോ സംപ്രേഷണം ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളിയോടൊപ്പം ആക്ഷൻ ത്രില്ലറിന്റെ തിരക്കുകളിലാണ് സൽമാൻ ഖാൻ. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി നിർമിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഇതിനുപുറമേ 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളെ പ്രമേയമാക്കി ഒരുങ്ങുന്ന മാതൃഭൂമി എന്ന ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നു.